പരിസ്ഥിതി - ആരോഗ്യം
- Get link
- X
- Other Apps
മലിനീകരണ ഹോട്ട്സ്പോട്ടുകള്‍
അപകടകരമായ അളവിലുള്ള കണിക പദാര്‍ത്ഥങ്ങളായ
മലിനമായ വായു മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ശ്വസനവ്യവസ്ഥയെയും ചര്‍മ്മത്തെയും
ദോഷകരമായി ബാധിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് നയിക്കുക.
ഗുരുതരവും നീണ്ടുനില്‍ക്കുന്നതുമായ വായുമലിനീകരണം അതതു പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥയെ
ബാധിക്കുകയും ചെയ്യും.
അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട
ഗുരുതരമായ മലിനീകരണ പ്രദേശങ്ങളെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കിയാല്‍
മാത്രമേ ജീവിവര്‍ഗ്ഗങ്ങളുടെയും മനുഷ്യന്റെയും നിലനില്‍പ്പ് ഉറപ്പുവരുത്താനാകൂ.
ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച
സമിതി എന്‍.സി.ആര്‍ (National Capital Region) ഉള്‍പ്പെടുന്ന പ്രദേശവും പരിസരവും
അപകടകരമായ വായു മലിനീകരണത്തിന്റെ പിടിയിലാണെന്ന് കന്റെത്തുകയുണ്ടായി. മലിനീകരണ
ഹോട്ട് സ്പോട്ടായ ഇന്തോ-ഗംഗ സമതലത്തിലെ 37 ജില്ലകളുടെ എന്‍.ജി.ടി യുടെ പട്ടികയില്‍
ഹരിയാന സംസ്ഥാനത്തെ 11 ജില്ലകളാണ് ഉയര്‍ന്ന PM 2.5 സാന്ദ്രദയുള്ള ബ്ലാക്ക്
സ്പോട്ടുകലായി നിലനില്‍ക്കുന്നത്. ശുദ്ധവായു ഉറപ്പാക്കുന്നതിന് വ്യക്തികളും സ്ഥാപനങ്ങളും
നടത്തേണ്ട പരിശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്.
മലിനീകരണം ഉണ്ടാക്കുന്ന കണികകള്‍
പുറംതള്ളുന്ന വ്യവസായങ്ങളെ കണ്ടെത്തി ക്രമേണ ഹരിതവും നൂതനവുമായ സാങ്കേതിക വിദ്യകള്‍
സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് പ്രധാന പരിഹാരമാര്‍ഗ്ഗം.
-----------------------------------------------
കരുതിയിരിക്കാം
വന്യജീവിജന്യ
രോഗങ്ങളെ
മനുഷ്യനും
മൃഗങ്ങളുമായുള്ള ബന്ധം ചരിത്രാതീതകാലം മുതല്‍ തുടങ്ങിയതാണ്. വന്യജീവികളെ
വേട്ടയാടിപിടിച്ച് ജീവിച്ചിരുന്ന മനുഷ്യന്‍ തീര്‍ത്തും മറ്റ് ജീവികളെപ്പോലെ
പ്രകൃതിയുമായി രമ്യപ്പെട്ടാണ് കഴിഞ്ഞിരുന്നത്.
കാലക്രമേണ മനുഷ്യന്‍ പ്രകൃതിയില്‍നിന്നും
അകലാനും പ്രകൃതിയും മറ്റ് ജീവികളും ഒരുഭാഗത്തും മനുഷ്യന്‍ വേറെ ഒരു ഭാഗത്തും എന്ന
രീതിയില്‍ ഒരു തരം വേറിട്ട ജീവിതം ആരംഭിക്കാനും തുടങ്ങി. ഇത് ശാസ്ത്ര- സാംസ്കാരിക മേഖല
മനുഷ്യന് സമ്മാനിച്ച വികലമായ അവബോധത്തിന്റെ ഫലമായി സംഭവിച്ചതാകാം.
ജന്തുജന്യ രോഗങ്ങള്‍
നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മനുഷ്യവംശത്തെ പല രീതിയില്‍ ബാധിച്ചിരുന്നു എന്ന്
ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മനുഷ്യസമൂഹത്തിന്റെ
പൊതുവായ അറിവ്, എലികള്‍ വഴി പകരുന്ന എലിപ്പനി, പ്ലേഗ് എന്നീ രോഗങ്ങളിലും കൊതുകുകള്‍
വഴി പകരുന്ന മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങളിലും നായ്ക്കള്‍ വഴി പകരുന്ന പേവിഷബാധയിലും
ഒതുങ്ങി നില്‍ക്കുന്നു എന്നതാണ് വസ്തുത.
ലോകത്തെയാകെ ഭീതിയിലാക്കി
പടര്‍ന്നുപിടിച്ച കോവിഡ്, വന്യജീവിജന്യ രോഗങ്ങളെക്കുറിച്ച് വിപുലമായ അവബോധമാണ്
ഏതാനും മാസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ഉണ്ടാക്കിയത്.
മനുഷ്യരാശിയുടെ നിലനില്‍പ്പിനെ
വെല്ലുവിളിച്ചതും എന്നാല്‍ കോവിഡിനേക്കാള്‍ അതിമാരകവുമായ എയിഡ്സ്, എബോള, സാര്‍സ്,
പക്ഷിപ്പനി, നിപ്പ എന്നീ രോഗങ്ങളും വന്യജീവികള്‍വഴി മനുഷ്യനില്‍ എത്തിയതാണെങ്കിലും
അത്രതന്നെ മാരകമല്ലാത്ത കോവിഡാണ് വന്യജീവിജന്യ രോഗങ്ങളെക്കുറിച്ച് പൊതുജനാവബോധം
സൃഷ്ടിക്കുന്നതില്‍ വിജയിച്ചത് എന്ന് പറയാം.
മറ്റ് ജീവിവര്‍ഗ്ഗങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍ ഇരതേടുന്നതിനോ
അതിജീവനം നടത്തുന്നതിനോ ശാരീരിക ക്ഷമതയോ ശാരീരിക അനുരൂപീകരണങ്ങളോ ഇല്ലാത്ത
മനുഷ്യവര്‍ഗ്ഗം ബുദ്ധിയും സാങ്കേതിക കഴിവും ഉപയോഗിച്ചു അതിജീവനം നടത്തിപ്പോരുന്നതിനു
പകരം മറ്റ് ജീവി വര്‍ഗ്ഗങ്ങളെ
ഭക്ഷ്യാവശ്യങ്ങള്‍ക്കും വിനോദാവശ്യങ്ങള്‍ക്കുമായി ഉന്മൂലനം നടത്തുന്നതിനുള്ള ശ്രമം
തുടങ്ങിയപ്പോഴാണ് പ്രകൃതി അത്തരം ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പ് ഉറപ്പു
വരുത്തുന്നതിനായി അതിമാരകമായ രോഗകാരികളെ, അവര്‍ക്ക് നിരുപദ്രവകാരികളാക്കി, അത്തരം
ജീവികളില്‍ നിക്ഷേപിച്ചത് എന്ന് നമുക്ക് ദാര്‍ശനികമായി ചിന്തിക്കാവുന്നതാണ്.
വന്യജീവിജന്യ
രോഗങ്ങള്‍ കാരണം ലോക സമ്പദ് വ്യവസ്ഥയ്ക്ക് നൂറുകണക്കിന് കോടി ഡോളറിന്റെ നഷ്ടമാണ് പ്രതിവര്‍ഷം
ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരം രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സിക്കുന്നതിനും
മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ക്കും വേണ്ടിയാണ് ഇത്രയും പണം ചെലവാക്കേണ്ടി
വരുന്നത്. ലോകത്താകമാനമുള്ള പത്ത് സാംക്രമിക രോഗങ്ങള്‍ എടുത്താല്‍ അതില്‍ ആറും
ജന്തുജന്യ രോഗങ്ങള്‍ ആണ് എന്ന കാര്യവും നാം ചിന്തിക്കേണ്ടതും ഉണ്ട്.
പ്രകൃതിയുമായി ഏറെ
അകന്നു കഴിഞ്ഞതിനാല്‍ മറ്റ് ജന്തുജാലങ്ങള്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധശേഷി
മനുഷ്യന് ഇല്ലെന്നുതന്നെ പറയാം. ഇക്കാരണംകൊണ്ടുതന്നെ മാരകമായേക്കാവുന്ന
വന്യജീവിജന്യ രോഗങ്ങള്‍ പിടിപെടാതെ നാം സ്വയം സൂക്ഷിക്കേണ്ടതുണ്ട് . അതിനായി വന്യജീവികളുമായി
അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. വന്യജീവികളുടെ മാംസമോ വന്യജീവി
ഉത്പന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.
വനേതരപ്രദേശത്ത് കണ്ടുവരുന്നതും വനേതര പ്രദേശത്ത് പ്രവേശിക്കുന്നതുമായ വന്യജീവികളെ
പടികൂടുന്നതിനോ പരിക്കേല്പിക്കുന്നതിനോ ശ്രമിക്കാതിരിക്കുക.
അതേസമയം വന്യജീവികള്‍ നമ്മുടെ ശത്രുക്കളല്ല മറിച്ച് നമ്മുടെതില്‍നിന്നും തികച്ചും വിഭിന്നമായ ഒരു ആവാസവ്യവസ്ഥയില്‍ നമ്മെപ്പോലെത്തന്നെ ജീവിക്കുന്നവരാണെന്നുമുള്ള തിരിച്ചറിവും നമുക്ക് ഉണ്ടായിരിക്കണം.
----------------------------------------------------------------------------------
ഗൃഹാന്തരീക്ഷത്തിലെ വായുമലിനീകരണം
എങ്ങനെ തടയാം
നിങ്ങള്‍
വിശ്വസിച്ചാലും ഇല്ലെങ്കിലും ഗൃഹാന്തരീക്ഷത്തിലെ വായു പുറത്തുള്ളതിനേക്കാള്‍
മലിനമാണ് എന്നതാണ് വസ്തുത. പ്രത്യേകിച്ചും നിങ്ങള്‍ അധികം വായു മലിനീകരണം
ഇല്ലാത്ത ഒരു ഗ്രാമ പ്രദേശത്താണ് ജീവിക്കുന്നതെങ്കില്‍.
ഏറ്റവും പുതിയ
പഠനങ്ങള്‍ പ്രകാരം ഗൃഹാന്തരീക്ഷത്തിലെ വായുവിനെ മലിനമാക്കുന്നതില്‍ പ്രധാന പങ്ക്
വഹിക്കുന്നത് ഗ്യാസ് അടുപ്പുകള്‍
തന്നെയാണ്. ക്ലീനിംഗ് ഏജന്റുകള്‍, കീടനാശിനികള്‍, എയറോസോള്‍ എന്നിവയ്ക്ക് പുറമേ
മെത്ത, മെത്തവിരി, പരവതാനികള്‍ എന്നിവ പുറം തള്ളുന്ന അസ്ഥിര സംയുക്തങ്ങളും ഗൃഹാന്തരീക്ഷത്തിലെ
വായു മലിനീകരണത്തിന് കാരണമാകുന്നു. ഇവ നിങ്ങളുടെ തൊണ്ട, മൂക്ക്, കണ്ണുകള്‍,
ശ്വാസകോശങ്ങള്‍ എന്നിവയെ സാരമായി ബാധിക്കുകയും കാന്‍സറിനുവരെ കാരണമാകുകയും
ചെയ്യുന്നു.
ഇതില്‍നിന്നും
രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്?
അല്പം ശ്രദ്ധ ചെലുത്തിയാല്‍
ഗൃഹാന്തരീക്ഷത്തിലെ മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടാവുന്നതാണ്.
ഗ്യാസ് അടുപ്പുകള്‍ക്ക്
പകരം ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. ഗ്യാസ് അടുപ്പുകള്‍ തുറക്കുമ്പോള്‍ പുറത്ത്
വരുന്ന ഗ്യാസ് അന്തരീക്ഷത്തില്‍ തങ്ങിനിന്നു ഗുരതരമായ ആരോഗ്യ പ്രശ്നങ്ങള്‍
ഉണ്ടാക്കും.
ഗ്യാസ് അടുപ്പുകള്‍ക്ക്
പകരം ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ അടുക്കളയിലെ
ജനലുകള്‍ തുറന്നിട്ടതിനു ശേഷം നല്ലവണ്ണം വായുസഞ്ചാരം ഉറപ്പുവരുത്തി മാത്രം ഗ്യാസ്
അടുപ്പുകള്‍ ഉപയോഗിക്കാം.
വീട്
വൃത്തിയാക്കുന്നതിനും മറ്റും ക്ലീനിംഗ് ഏജന്റുകള്‍ ഉപയോഗിക്കുമ്പോള്‍
കടുപ്പമേറിയത് ഉപയോഗിക്കാതെ ലഘുവായതോ പ്രകൃതിദത്ത ക്ലീനിംഗ് എജന്റുകളോ
ഉപയോഗിക്കുക.
രാസ കീടനാശിനികള്‍ക്ക്
പകരം പ്രകൃതിദത്ത കീടനാശിനികള്‍ ഉപയോഗിക്കുക.
മെത്തകള്‍,
മെത്തവിരികള്‍, കര്‍ട്ടനുകള്‍ എന്നിവ പ്രകൃതിദത്ത നാരുകള്‍കൊണ്ട് നിര്‍മ്മിച്ചവ
മാത്രം ഉപയോഗിക്കുക.
------------------------------------------------
വായു മലിനീകരണവും
വിഷാദരോഗവും
ദീര്‍ഘകാലം വായുമലിനീകരണവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പിന്നീടുള്ള ജീവിതത്തില്‍ വിശാദരോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു.
ജമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളില്‍ ദീര്‍ഘകാലം താമസിക്കുന്ന ജനങ്ങള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
മെഡികെയര്‍ വഴി ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിച്ച 8.9 ദശലക്ഷത്തിലധികം ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തിയതില്‍നിന്നും ആണ് ഗവേഷക സംഘം ഈ നിഗമനത്തില്‍ എത്തിയത്. 2005 മുതല്‍ 2018 വരെയൂള്ള പഠന കാലയളവില്‍ 1.52 ദശലക്ഷത്തിലധികം പേര്‍ക്ക് വിഷാദരോഗം പിടിപെട്ടതായി കണ്ടെത്തി.
ഗവേഷക സംഘം ഓരോ വ്യക്തിയും എവിടെയാണ് താമസിക്കുന്നതെന്ന് നോക്കുകയും ഓരോ തപാല്‍ കോഡിലും വായു മലിനീകരണത്തിന്റെ തോത് നിര്‍ണ്ണയിക്കുകയും ചെയ്തു.
മൂന്ന് തരത്തിലുള്ള വായു മലിനീകരണമാണ് ഗവേഷക സംഘം പരിഗണിച്ചത്. കണിക മലിനീകരണം, നൈട്രജന്‍ ഡയോക്സൈഡ്, ഓസോണ്‍ എന്നിവ ആയിരുന്നു അവര്‍ പരിഗണിച്ച വ്യത്യസ്ത തരം വായു മലിനീകരണങ്ങള്‍.
വായുവില്‍ പൊങ്ങിക്കിടക്കുന്ന ഖര-ദ്രാവക തുള്ളികളുടെ മിശ്രിതമാണ് കണിക മലിനീകരണത്തിന് കാരണക്കാര്‍. ഇത് അഴുക്ക്, പൊടി, മണം അല്ലെങ്കില്‍ പുക എന്നിവയുടെ രൂപത്തിലും വരാം. ഇത്തരം മലിനകാരികള്‍, നിങ്ങള്‍ ശ്വാസം വിടുമ്പോള്‍ പുറത്ത് പോകുന്നതിനു പകരം ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുകയും രക്ത ചംക്രമത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഇത് വിഷാദത്തിനും മറ്റ് മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ഹൃദയാഘാതം, ആസ്ത്മ, എന്നിവയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
നൈട്രജന്‍ ഡയോക്സൈഡ് മലിനീകരണം സാധാരണയായി ട്രാഫിക് സംബന്ധമായ ജ്വലന ഫലമായി പുറത്ത് വരുന്നതാണ്.. ശ്വാസനാളത്തിന്റെ വീക്കം വര്‍ധിപ്പിക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയ്ക്കാനും ഇത് കാരണമാകുന്നു.
പുകമഞ്ഞിന്റെ പ്രധാന ഘടകം ഓസോണ്‍ മലിനീകരനമാണ്. കാറുകള്‍, പവര്‍ പ്ലാന്റുകള്‍ റിഫൈനറികള്‍ എന്നിവയില്‍ നിന്നുമാണ് ഇത് പുറത്ത് വരുന്നത്. ശ്വാസ സംബന്ധമായ അസുഖങ്ങളും മരണം വരെയും ഇത് സൃഷ്ടിക്കുന്നു.
വിഷാദ രോഗവും കണിക മലിനീകരണവും നൈട്രജന്‍ ഡയോക്സൈഡും തമ്മിലുള്ള സമ്പര്‍ക്കം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലാണ്. അവര്‍ ഒരേ സമയം സാമൂഹിക പിരിമുറുക്കത്തിനും മോശം പാരിസ്ഥിതിക അവസ്ഥയ്ക്കും വിധേയരാകുന്നതിലാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും പഠനം പറയുന്നു.
വാഹനങ്ങളുടെ ടയറുകൾ
മലിനീകരണത്തിന് കാരണമാകുന്നു
മാലിന്യം ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് . വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺ ഡയോക്സൈഡ് വായു മലിനീകരണത്തിന്റെ പ്രധാന കാരണമാണ്. വാഹനങ്ങളുടെ ഉൽപാദനവും പലതരത്തിലുള്ള മലിനീകരണത്തിനും കാരണമാകുന്നു. ഉത്തരവാദിത്തബോധമുള്ള വാഹന ഉപഭോക്താക്കൾ മലിനീകരണത്തിന് തങ്ങളായി വഴിവയ്ക്കരുത് എന്ന് കരുതി സി.എൻ.ജിയിലോ ഇലക്ട്രിക് എനർജിയിലോ പ്രവർത്തിക്കുന്ന വാഹനങ്ങൾ വാങ്ങുന്നു. എന്നാൽ അവരെപ്പോലും അശങ്കയിലാക്കിയാണ് ടയറുകൾ മലിനീകരണത്തിന് കാരണമാകുന്നത് എന്ന പുതിയ കണ്ടെത്തൽ നടന്നിരിക്കുന്നത്.
ഒറിഗൺ സ്റ്റെയിറ്റ് യൂണിവേഴ്സിറ്റിയിലെ പഠനങ്ങൾ പറയുന്നത് ടയറുകളിൽ നിന്നും ചൊറിയുന്ന സൂക്ഷ്മ കണികകൾ ജലത്തെ മലിനമാക്കുകയും അത് മൊത്തം ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
വാഹനങ്ങളുടെ ടയറുകൾ നിരവധി കിലോമീറ്റർ താണ്ടുന്നത് കുണ്ടും കുഴിയും കല്ലും മണ്ണും നിറഞ്ഞ വഴികളിലൂടെയാണ്. ഇത്തരം വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ടയറുകളിൽനിന്നും സൂക്ഷ്മമായ കണികകൾ ചുറ്റുപാടും ചൊരിയുന്നു. ശരാശരി ടയറുകളുടെ ട്രേഡിൻറെ മുപ്പത് ശതമാനം ഇങ്ങനെ നഷ്ടമാകുന്നു എന്നാണ് കണക്കാക്കുന്നത്. സിന്തെറ്റിക്ക് റബ്ബർ , അഡിറ്റിവുകൾ, ഫയറിംഗ് ഏജൻസികൾ എന്നിവ ടയറിന്റെ ട്രേഡിൽ എണ്ണ കൂടുതലാണ്. 2017-ലെ ഒരു പഠനപ്രകാരം ഓരോ വർഷവും 1.5 കോടി മെട്രിക് ടൺ ടയർ കണികകൾ അമേരിക്കൻ ആവാസ വ്യവസ്ഥയിൽ മാത്രം നിക്ഷേപിക്കപ്പെടുന്നു. മറ്റൊരു വസ്തുത സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ 5-10 ശതമാനം ടയർ കനികകളാണ്. വളർച്ചയെ തടസ്സപ്പെടുത്തുകയും നീന്തൽ സ്വഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു എന്നതാണ് ജലജീവികളിൽ ടയർ മലിനീകരണം നടത്തുന്ന ദോഷഫലങ്ങൾ.
ടയർ കണികകൾ ജലവിതരണത്തെ മലിനമാക്കുകയും മനുഷ്യരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
--------------------------------------------------------------------------------------
സമുദ്ര മലിനീകരണം : ഈ നൂറ്റാണ്ടിന്‍റെ ശാപം
ഭൂമിയുടെ എല്ലാ ഭാഗവും ഇന്ന് മലിനീകരണ പ്രതിസന്ധി നേരിടുകയാണ് . ഇതില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് സമുദ്രങ്ങളാണ് . ലഭ്യമായ കണക്കുകള്‍ വച്ച് പറയുകയാണെങ്കില്‍ 25 ട്രില്യന്‍ മാക്രോ പ്ലാസ്റ്റിക്കുകളും 51 ട്രില്യന്‍ മൈക്രോ പ്ലാസ്റ്റിക്കുകളും ഇന്ന് സമുദ്രത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മറ്റ് രീതിയിലുള്ള സമുദ്ര മലിനീകരണത്തിന്‍റെ കണക്കുകള്‍ വേറെയുമുണ്ട് .
വ്യാവസായിക സാങ്കേതിക വിദ്യ അനുദിനം വികസിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനനുസരിച്ച് പ്ലാസ്റ്റിക്കിന്‍റെ ആവശ്യവും ഉപഭോഗവും വര്‍ദ്ധിക്കുന്നുണ്ടെന്ന് കുറച്ച് പേര്‍ക്കേ അറിയൂ. വര്‍ദ്ധിച്ചു വരുന്ന ഈ പ്ലാസ്റ്റിക്ക് ഉപയോഗമാണ് 380 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്ക് സമുദ്രത്തിലേക്ക് വലിച്ച് എറിയാനോ ഒഴുകിയെത്താനോ നമ്മെ പ്രേരിപ്പിച്ചത്. ഇത് നമ്മുടെ സമുദ്രത്തില്‍ വിനാശകരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
സമുദ്രത്തില്‍ ഇന്ന് കാണുന്ന പ്ലാസ്റ്റിക്കിന്‍റെ 80 ശതമാനവും കരയില്‍ നിന്നും വരുന്നതും ബാക്കി 20 ശതമാനം മത്സ്യബന്ധനത്തിന്‍റെ ശേഷിപ്പുകളുമാണ്. സമുദ്രത്തിലെ മലിനീകരണം സമുദ്ര ആവാസവ്യവസ്ഥയില്‍ കഴിയുന്ന മത്സ്യങ്ങള്‍, ആമകള്‍, പക്ഷികള്‍, തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവയെ പ്രത്യക്ഷത്തിലും മനുഷ്യനെ പരോക്ഷമായും ബാധിക്കുന്നു. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിക്കുന്ന മത്സ്യങ്ങളെ ആഹാരമാക്കുന്ന മനുഷ്യ ശരീരത്തിലും അവ എത്തിച്ചേര്‍ന്നു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ഈ നൂറ്റാണ്ടിന്‍റെ ഒരു ആഗോള പ്രതിസന്ധിയായ സമുദ്ര മലിനീകരണം നിയന്ത്രിക്കുന്നതിന് നമുക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് നോക്കാം
.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കുക
സ്ട്രോകള്‍, കാരിബാഗുകള്‍, പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍, തോരണങ്ങള്‍ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നവയാണ്. അവ ഉപയോഗശേഷം ഉപേക്ഷിക്കുന്നതോടെ മിക്കതും സമുദ്രത്തിലേക്കാണ് എത്തുന്നത്. സമുദ്ര പ്ലാസ്റ്റിക് നിക്ഷേപത്തില്‍ ഇവ വലിയ ഒരു പങ്ക് വഹിക്കുന്നു.
പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അത് ക്രമേണ സമുദ്രത്തില്‍ എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്ലാസ്റ്റിക്കുകള്‍ പുനരുപയോഗത്തിനായി ശേഖരിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഏല്പിക്കുന്നത് പ്ലാസ്റ്റിക് മലിനീകരണങ്ങളില്‍നിന്നും സമുദ്രങ്ങളെ രക്ഷിക്കുന്നതിന് നമുക്ക് ചെയ്യാന്‍ കഴിയുന്ന ലളിതമായ മാര്‍ഗ്ഗമാണ്.
പ്രകൃതിക്കുവേണ്ടി ഒരു ദിവസം
മാസത്തില്‍ ഒരു ദിവസം ബീച്ചുകള്‍, പുഴയോരങ്ങള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനായി മാറ്റിവയ്ക്കുക. ഇത് ഒറ്റയ്ക്കും ചെറു സംഘങ്ങളായും ചെയ്യാവുന്നതാണ്. സമുദ്രങ്ങളെ മലിനീകരണത്തില്‍നിന്നും സംരക്ഷിക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യും
-----------------------------------------------------------------------------------
കണ്ണുകളെ സംരക്ഷിക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങള്‍
വായുമലിനീകരണവും പുകമഞ്ഞും പലവിധ നേത്രരോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കണ്ണുകളിലെ ചുവപ്പ് , ഇടയ്ക്കിടയ്ക്ക് കണ്ണുകളില്‍നിന്നും വെള്ളം വരിക, കണ്ണുകള്‍ക്ക് കത്തുന്ന വേദന എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. പുകമഞ്ഞും വായുമലിനീകരണവും കണ്ണിന്റെ അസ്വസ്ഥത മാത്രമല്ല ആസ്ത്മ, ശ്വാസതടസ്സം, ശ്വാസകോശ ക്ഷതം എന്നിവയ്ക്കും കാരണമാകുന്നു. കണ്ണുകളെ പുകമഞ്ഞില്‍നിന്നും വായുമലിനീകരണത്തില്‍നിന്നും രക്ഷിക്കുന്നതിന് ചില മാര്‍ഗ്ഗങ്ങളിതാ:
1. കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക
കാര്‍ബണ്‍, നൈട്രജന്‍ എന്നിവയുടെ ഓക്സൈഡുകള്‍ വായുവില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ഉണ്ടെങ്കില്‍ കണ്ണുകള്‍ക്ക് വീക്കവും അണുബാധയും പൊള്ളുന്ന വേദനയും ഉണ്ടാകും. കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ല ഒരു പരിഹാര മാര്‍ഗ്ഗമാണ്. നല്ലവണ്ണം കഴുകി വൃത്തിയാക്കാത്ത കൈകള്‍കൊണ്ട് കണ്ണുകള്‍ തൊടുന്നതും ഒഴിവാക്കണം.
2. കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക
വായുമലിനീകരണംമൂലം കണ്ണുകള്‍ക്ക്അസ്വസ്ഥതയും ചൊറിച്ചിലും
ഉണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണുകള്‍ ചൊരിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ അങ്ങനെ ചെയ്താല്‍ അത് അണുബാധയ്ക്ക് കാരണമാകുകയും അത്തുന്ന വേദന അനുഭവപ്പെടുകയും ചെയ്യും. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ വൈദ്യ നിര്‍ദ്ദേശപ്രകാരമുള്ള ഐ ഡ്രോപ്സ് ഉപയോഗിക്കാവുന്നതാണ്.
3. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക
ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ കണ്ണുകള്‍ വരണ്ടതാകുകയും വായുമലിനീകരണം കണ്ണുകളെ ഏറെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ദിവസേന 8 - 10 ഗ്ലാസ് വെള്ളം കുടിച്ചു ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നത് വായുമലിനീകരണം കണ്ണുകളെ ബാധിക്കാതിരിക്കാന്‍ ഏറെ ഉപകരിക്കും.
4. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക
വിറ്റാമിനുകള്‍, ഒമേഗ-3, ഫാറ്റി ആസിഡുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. മത്സ്യം, ഇലക്കറികള്‍, കാരറ്റ്, വാല്‍നട്ട്, ചീര, ബദാം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗമാണ്.
5. സംരക്ഷണ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക
പുറത്ത് പോകുമ്പോള്‍ സംരക്ഷണ ഗ്ലാസ്സുകള്‍, സണ്‍ ഗ്ലാസ്സുകള്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ക്ക് പകരം കണ്ണട ഉപയോഗിക്കുന്നതും നല്ലതാണ്.
Comments